കൊച്ചി: പൈൽസ്, ഫിസ്റ്റുല, വെരിക്കോസ് രോഗങ്ങൾക്ക് എഐ സാങ്കേതിക വിദ്യയും ലേസർ ചികിത്സയും സമന്വയിപ്പിച്ച് കേരളത്തിലാദ്യമായി അത്യാധുനിക ശസ്ത്രക്രിയാസംവിധാനമൊരുക്കി കൊച്ചി വിപിഎസ് ലേക്ഷോർ ആശുപത്രി.
മിനിമലി ഇൻവേസീവ് സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ വിദഗ്ധ ചികിത്സയ്ക്കു ഫലപ്രദവും താരതമ്യേന വേദനാരഹിതവുമായ ബയോലുമിനെസ് ലേസർ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.
ഒരേയൊരു ദിവസത്തെ ചികിത്സ മാത്രമാണ് ഇതിന് ആവശ്യമുള്ളത്. എഐ സാങ്കേതികവിദ്യയും അത്യാധുനിക ലേസർ ടെക്നോളജിയും സമന്വയിപ്പിക്കുന്നതിലൂടെ ശസ്ത്രക്രിയകളിൽ ഉയർന്ന കൃത്യത ഉറപ്പാക്കാനും രോഗിക്ക് കൂടുതൽ ആശ്വാസം പകർന്നു വേഗത്തിൽ സുഖപ്രാപ്തി ലഭ്യമാക്കാനും സാധിക്കുമെന്ന് ലേക്ഷോർ ആശുപത്രിയിലെ മിനിമലി ഇൻവേസീവ് ശസ്ത്രക്രിയാ വിഭാഗം മേധാവിയും കൺസൾട്ടന്റുമായ ഡോ. ആർ. പദ്മകുമാർ പറഞ്ഞു.
എഐ പ്ലാറ്റ്ഫോമിലൂടെ ഡാറ്റ അധിഷ്ഠിത മാർഗനിർദേശം, കൃത്യമായ വിലയിരുത്തൽ, തത്സമയ ചികിത്സാവിവരങ്ങൾ ലഭ്യമാക്കൽ, സ്ഥിരതയാർന്ന ശസ്ത്രക്രിയാഫലം നിർണയം എന്നിവ സാധ്യമാകും. ശസ്ത്രക്രിയയ്ക്കുശേഷമുള്ള സമഗ്ര ഡോക്യുമെന്റേഷന് ഗുണകരമാകും വിധത്തിൽ ചികിത്സയുടെ വിശദമായ ഡാറ്റ ഈ സിസ്റ്റം രേഖപ്പെടുത്തുന്നു. എഐ അധിഷ്ഠിത ലേസർ ശസ്ത്രക്രിയകൾക്കു കൂടുതൽ കൃത്യതയും ഫലപ്രാപ്തിയും ഉറപ്പ് നൽകാനാകുമെന്നും ഡോക്ടർമാർ അറിയിച്ചു.
രോഗികൾക്ക് ലോകോത്തര പരിചരണം ഉറപ്പാക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകളാണ് വിപിഎസ് ലേക്ഷോറിൽ ലഭ്യമാക്കി വരുന്നതെന്ന് മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള പറഞ്ഞു. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ലേസർ ശസ്ത്രക്രിയാസൗകര്യം ഇക്കൂട്ടത്തിലെ സുപ്രധാനമായ ഒരു ചുവടുവയ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.